യാത്രക്കാരെ വലച്ച് ഇൻഡിഗോ വിമാനം: കുടുങ്ങിക്കിടന്ന് മുന്നൂറോളം യാത്രക്കാർ
മുംബൈ: മുംബൈ വിമാനത്താവളത്തിൽ യാത്രക്കാരെ വലച്ച് ഇൻഡിഗോ വിമാനം. പുലർച്ചെ 3.55-ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിനുള്ളിൽ യാത്രക്കാർ അഞ്ച് മണിക്കൂറോളം കാത്തിരുന്നു .എന്നിട്ടും സർവീസ് ആരംഭിച്ചില്ല. മുംബൈയിൽ നിന്ന് ഖത്തറിലെ ദോഹയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരാണ് സർവീസ് വൈകിയതിനെ തുടർന്ന് പ്രതിസന്ധിയിലായത്. 300 ഓളം യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ചില “സാങ്കേതിക പ്രശ്‌നങ്ങൾ” ചൂണ്ടികാട്ടി വിമാനത്തിൽനിന്ന് പുറത്തിറക്കിയ യാത്രക്കാരെ ഇമിഗ്രേഷൻ വെയ്റ്റിങ് ഏരിയയിലേക്ക് കൊണ്ടുപോയതായും യാത്രക്കാർ പറയുകയുണ്ടായി.
എമിഗ്രേഷൻ പൂർത്തിയാക്കിയതിനാൽ തങ്ങളെ പുറത്തേക്ക് പോകാൻ അനുവദിച്ചില്ലെന്നും പ്രശ്നമുണ്ടാക്കിയതിനെ തുടർന്നാണ് വെയ്റ്റിങ് ഏരിയയിൽ കാത്തിരിക്കാൻ അനുവദിച്ചതെന്നും ഒരു യാത്രക്കാരനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഉദ്യോഗസ്ഥരാരും യാത്രക്കാരോട് സംസാരിച്ചില്ലെന്നും ആരോപണമുണ്ട്. കുട്ടികളടക്കമുള്ള യാത്രക്കാർ കാത്തിരിക്കുകയാണെന്നും സമയത്തിന് എത്തിച്ചേരാനാവാത്തതുമൂലം ജോലി നഷ്ടപ്പെടുമോയെന്ന ആശങ്കയുണ്ടെന്നും ഭക്ഷണമോ വെള്ളമോ കിട്ടിയില്ലെന്നും യാത്രക്കാർ പറഞ്ഞു. സംഭവത്തിൽ ഇൻഡിഗോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.