പ്രതിയിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എസ്ഐ വിജിലൻസ് പിടിയിൽ
ബത്തേരി; പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എസ്ഐ വിജിലൻസ് പിടിയിൽ. സുൽത്താൻ ബത്തേരി എസ്ഐ സി.എം.സാബുവാണ് പിടിയിലായത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 40,000 രൂപയുമായാണ് സാബുവിനെ വിജിലൻസ് ഡിവൈഎസ്പി ഷാജി വർഗീസും സംഘവും പിടികൂടിയത്.
ഇന്ന് ഉച്ചകഴിഞ്ഞ് മുന്നരയോടെയാണ് സംഭവം.കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ചകളിൽ പൊലീസ് സ്റ്റേഷനിൽ വന്ന് ഒപ്പിടണമെന്ന് പരാതിക്കാരന് കോടതി നിർദേശമുണ്ടായിരുന്നു. ഈ നിർദേശം പരാതിക്കാരൻ തെറ്റിക്കുന്നതായി കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെട്ടതെന്നാണ് വിവരം.
ഒരു ലക്ഷം രൂപയാണ് എസ്ഐ ആവശ്യപ്പെട്ടതെന്നാണ് വിവരം. ഇക്കാര്യം നെന്മേനി സ്വദേശിയായ പരാതിക്കാരനും പ്രതിയുമായ ആൾ വിജിലൻസിനെ അറിയിക്കുകയായിരുന്നു. പൊലീസ് ക്വാർട്ടേഴ്സിന് സമീപത്തു വച്ചാണ് എസ്ഐ സാബുവിനെ വിജിലൻസ് കൈക്കൂലി പണവുമായി പിടികൂടിയത്. ഇൻസ്പെക്ടർ മനോഹരൻ, എസ്ഐ റെജി, എഎസ്ഐമാരായ സുരേഷ്, സതീഷ് കുമാർ എന്നിവരടങ്ങുന്ന വിജിലൻസ് സംഘമാണ് പരിശോധന നടത്തിയത്.