ഹര്‍ജി കോടതിയുടെ പരിഗണനയിൽ; പാരീസില്‍ നിന്ന് മടങ്ങി ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട്
പാരീസ്: ഒളിമ്പിക്സില്‍ നിന്ന് അയോഗ്യയാക്കിയതുസംബന്ധിച്ച ഹര്‍ജി അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയുടെ പരിഗണനയിലിരിക്കെ പാരീസില്‍ നിന്ന് മടങ്ങി ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട്.
പാരീസ് ഒളിമ്പിക്സിന്റെ സമാപന ചടങ്ങുകള്‍ അവസാനിച്ചതിനു പിന്നാലെ ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് അമന് ഷെരാവത്തിനൊപ്പമാണ് വിനേഷ് നാട്ടിലേക്ക് തിരിച്ചത്. ഇരുവരും ചൊവ്വാഴ്ച രാവിലെ ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇതിനിടെ ഗുസ്തി, ഭാരോദ്വഹനം, ബോക്സിങ്, ജൂഡോ പോലുള്ള കായിക ഇനങ്ങളില്‍ താരങ്ങളുടെ ശരീര ഭാരം നിയന്ത്രിക്കേണ്ടത് ഓരോ അത്ലറ്റിന്റെയും അവരുടെ പരിശീലകരുടെയും ചുമതലയാണെന്ന പ്രസ്താവനയുമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് അധ്യക്ഷ പി.ടി. ഉഷ രംഗത്തെത്തി.
ശരീരഭാരം സംബന്ധിച്ച ഉത്തരവാദിത്വം അസോസിയേഷന് നിയമിക്കുന്ന ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് ഇല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രം സൃഷ്ടിച്ച്, മണിക്കൂറുകള്‍ക്കകമാണ് ഫൈനലിന് മുമ്പ് നടന്ന ഭാരപരിശോധനയില്‍ 100 ഗ്രാം അധികമായതിനെ തുടര്‍ന്ന് ഒളിമ്പിക് കമ്മിറ്റി വിനേഷിന് അയോഗ്യത കല്‍പ്പിച്ചത്.
ഏഴാം തീയതിനായിരുന്നു ഫൈനല്‍. തുടര്‍ന്ന് തുടര്‍ന്ന് വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യം ഉന്നയിച്ച് അയോഗ്യതയ്ക്കെതിരെ വിനേഷും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. ഗുസ്തിയിലെ അന്താരാഷ്ട്ര ഗവേണിങ് ബോഡിയായ യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ്ങും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമാണ് എതിര്‍കക്ഷികള്‍.