‘ബിസിസിഐയുടെ തീരുമാനം തികച്ചും ശരിയാണ്. പാകിസ്താന് താരങ്ങള്‍ പോലും പാകിസ്താനില്‍ സുരക്ഷിതമല്ല’ : ഹര്ഭജന് സിങ്
ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്താനിലേക്ക് പോകേണ്ടന്നുള്ള ബിസിസിഐയുടെ തീരുമാനത്തെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്ഭജന് സിങ്. പാകിസ്താന് താരങ്ങള്‍ പോലും പാകിസ്താനില്‍ സുരക്ഷിതമല്ലെന്ന് പറഞ്ഞ ഹര്ഭജന് ഇന്ത്യന്‍ ടീം പാകിസ്താനിലേക്ക് ബുദ്ധിമുട്ടി പോകേണ്ട സാഹചര്യമില്ലെന്നും പറഞ്ഞു. ‘ബിസിസിഐയുടെ തീരുമാനം തികച്ചും ശരിയാണ്, താരങ്ങളുടെ സുരക്ഷ മുന്നില്‍ കണ്ടാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് വേണ്ടി അയല്‍ രാജ്യത്തേക്ക് പോവേണ്ടതില്ല എന്ന തീരുമാനം ബിസിസിഎ എടുത്തത്’. രാജ്യസഭ എംപിയും കൂടിയായ ഹര്ഭജന് പറഞ്ഞു.
അടുത്ത വര്‍ഷമാണ് പാകിസ്താനില്‍ ചാമ്പ്യന്‍സ് ട്രോഫി നടക്കുന്നത്. നിലവിലെ ടി20 ചാമ്പ്യന്മാരായ ഇന്ത്യ അവസാനമായി പാകിസ്താനില്‍ പര്യടനം നടത്തിയത് 2008ലാണ്. താരങ്ങളുടെ സുരക്ഷിതാ പ്രശ്നങ്ങള്‍ കാരണം ഇത്തവണയും ഇന്ത്യന്‍ ടീം പാകിസ്താനിലേക്ക് പോകാന്‍ സാധ്യതയില്ല. ശ്രിലങ്കയിലേക്കോ യുഎഇയിലേക്കോ ഇന്ത്യയുടെ മത്സരങ്ങള്‍ മാറ്റണമെന്നാണ് ബിസിസിഎയുടെ ആവശ്യം. കഴിഞ്ഞ വര്‍ഷം പാകിസ്താനില്‍ വെച്ച് അരങ്ങേറിയ ഏഷ്യാ കപ്പിലും ഇന്ത്യന്‍ ടീം പാകിസ്താനിലെത്തിയിരുന്നില്ല. പകരം ശ്രീലങ്കയിലാണ് ടീം കളിച്ചത്.
അതേ സമയം പാകിസ്താനില്‍ യാതൊരു സുരക്ഷാ പ്രശ്നങ്ങളും ഇന്ത്യന്‍ താരങ്ങള്ക്കുണ്ടാവില്ലെന്നും താരങ്ങള്‍ ചാമ്പ്യന്‍സ് ട്രോഫി കളിയ്ക്കാന്‍ തങ്ങളുടെ നാട്ടിലെത്തണമെന്നും അപേക്ഷിച്ച് മുന്‍ പാകിസ്താന് താരങ്ങളടക്കം രംഗത്തെത്തിയിട്ടുണ്ട്.