മഴക്കെടുതി രൂക്ഷമാവുന്നു; ആലുവയിൽ പെരിയാറിലെ ജലനിരപ്പ് വെള്ളപ്പൊക്ക മുന്നറിയിപ്പിനും മുകളിൽ
കൊച്ചി: എറണാകുളം ജില്ലയിൽ മഴക്കെടുതി രൂക്ഷം. തിങ്കളാഴ്ച രാവിലെ മുതൽ പെയ്ത മഴയിൽ പെരിയാറിൽ ജലനിരപ്പ് ഉയരുകയാണ്. പാതാളം, മഞ്ഞുമ്മൽ, പുറപ്പള്ളിക്കാവ് റെഗുലറ്റർ കം ബ്രിഡ്ജുകൾ തുടങ്ങിയവയുടെ മുഴുവൻ ഷട്ടറുകളും തുറന്നു. വെള്ളപ്പൊക്ക മുന്നറിയിപ്പിനും മുകളിലാണ് ആലുവയിൽ പെരിയാറിലെ ജലനിരപ്പ്. ആലുവ ശിവക്ഷേത്രം വെള്ളത്തിൽ മുങ്ങി. ജില്ലയിലെ വിവിധ പ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ വ്യാപക നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.
ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ 15 ഷട്ടറുകൾ തുറന്നു. ഇതേ തുടർന്ന് ഈ ജലം ഇടുക്കിയിലൂടെ പൂർണമായും പെരിയാറിലേക്കാണ് ഒഴുകി വരുന്നത്. അതിനാലാണ് പെരിയാറിലെ ജലനിരപ്പ് ഉയരുന്നത്. ഇതിന്റെ ഭാഗമായി പാതാളം, മഞ്ഞുമ്മൽ, പുറപ്പള്ളിക്കാവ് റെഗുലറ്റർ കം ബ്രിഡ്ജുകൾ മുഴുവൻ ഷട്ടറുകളും തുറന്ന് പരമാവധി വെള്ളം കടലിലേക്ക് ഒഴുക്കുകയാണ്.
അതെ സമയം ആലുവ മാർത്താണ്ഡവർമ പാലത്തിന്റെ ഭാഗത്ത് വെള്ളപ്പൊക്ക മുന്നറിയിപ്പിനെക്കാൾ കൂടുതലാണ് ഇപ്പോഴത്തെ ജലനിരപ്പ്. 3.190 മീറ്ററാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ് ലെവൽ. എന്നാൽ നിലവിലെ ജലനിരപ്പ് 3.410 മീറ്ററാണ്. അതേസമയം, കാലടിയിലും മംഗലപ്പുഴയിലും വെള്ളപ്പൊക്ക മുന്നറിയിപ്പിനെക്കാൾ താഴ്ന്ന നിലയിലാണ് പെരിയാർ ഒഴുകുന്നത്. മലങ്കര ഡാമിലെ എല്ലാ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ മഴയെ തുടർന്ന് ജില്ലയിലെ പലഭാഗങ്ങളിലും മണ്ണിടിച്ചിലും രൂക്ഷമാണ്.