മരിച്ചവരുടെ കുടുംബങ്ങൾക്ക് 12.5 ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ച് കുവൈത്ത് സർക്കാർ
കുവൈത്ത് സിറ്റി∙ കുവൈത്തിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കുവൈത്ത് സർക്കാർ 15,000 ഡോളർ (ഏകദേശം 12.5 ലക്ഷം രൂപ) വീതം ധനസഹായം നൽകുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യക്കാരടക്കം 50 പേരാണ് ദുരന്തത്തിൽ മരിച്ചത്. 24 പേർ മലയാളികളാണ്. എംബസി വഴിയാകും തുക കൈമാറുക.
തെക്കൻ കുവൈത്തിലെ മംഗഫിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന മേഖലയിലെ ആറു നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അപകട സമയത്ത് കെട്ടിടത്തിൽ 176 പേർ ഉണ്ടായിരുന്നു. മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ജീവനക്കാരുടെ ഫ്ലാറ്റിൽ 12ന് പുലർച്ചെ നാലിനാണ് തീപിടിത്തമുണ്ടായത്. തൊഴിലാളികൾ ഉറക്കത്തിലായിരുന്നത് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചു. പുക ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത്.
സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലുണ്ടായ ഷോർട്ട് സർക്കീറ്റാണ് അപകട കാരണം. സംഭവത്തിന് പിന്നാലെ കെട്ടിട ഉടമയെയും സുരക്ഷാ ജീവനക്കാരനെയും അറസ്റ്റ് ചെയ്തിരുന്നു. കുവൈത്ത് സർക്കാരിനു പുറമേ കേന്ദ്ര, സംസ്ഥാന സർക്കാരുകളും പ്രവാസി വ്യവസായികളും ഉൾപ്പെടെയുള്ളവർ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചിരുന്നു. ജീവനക്കാർ ജോലി ചെയ്തിരുന്ന എൻബിടിസി കമ്പനിയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.