സിപിഎം ബോംബുണ്ടാക്കുന്നുവെന്നത് ബിജെപിയുടെയും യുഡിഎഫിന്റെയും കള്ളപ്രചരണം; എം വി ഗോവിന്ദന്
കണ്ണൂര്‍: സി.പി.എം ബോംബ് ഉണ്ടാക്കുന്നുവെന്ന കള്ളപ്രചാരവേലയാണ് ബി.ജെ.പി യും യു.ഡി.എഫും നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പാനൂരില്‍ ബോംബ് നിര്‍മിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ സിപിഎമ്മിന് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. ബോംബ് പൊട്ടിയ സ്ഥലത്ത് സന്നദ്ധ പ്രവര്‍ത്തനത്തിനെത്തിയ ഡി.വൈ.എഫ്.ഐ സഖാവിനേയാണ് പോലീസ് പ്രതിചേര്‍ത്തതെന്നും എം.വി ഗോവിന്ദന് ആരോപിച്ചു.
നാട്ടുകാരെല്ലാം ഓടിക്കൂടിയപ്പോള്‍ അതിന്റെ മുന്‍പന്തിയില്‍ നിന്ന് അവരെ ആശുപത്രിയിലേക്ക് നീക്കാനും ചികിത്സ നല്കാനുംവേണ്ടി പ്രവര്‍ത്തിച്ചത് ഡി.വൈഎഫ്.ഐ പ്രവര്‍ത്തകനാണ്. ഇപ്പോള്‍ ഇതിന്റെ എല്ലാ ഭാഗവും അന്വേഷിച്ചപ്പോള്‍ പോലീസ് അദ്ദേഹത്തെ പിടിച്ചിരിക്കുകയാണെന്നും ഗോവിന്ദന് പറഞ്ഞു.
ബോംബ് നിര്‍മാണവുമായി ബന്ധപ്പെട്ട വകുപ്പ് ചുമത്തിയാണ് അമലിനെ അറസ്റ്റ് ചെയ്തത്. പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ മരിച്ച ഷരിലിന്റെ വീട് സിപിഎം പ്രാദേശിക നേതാക്കള്‍ സന്ദര്‍ശിച്ചത് മനുഷ്യത്വത്തിന്റെ ഭാഗമായാണെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു.