ഓരോ ദിവസവും 90 പീഡനങ്ങൾ നടക്കുന്നു, നിയമ നിർമാണം അനിവാര്യം; മോദിയ്ക്ക് കത്തയച്ച് മമത
രാജ്യത്ത് സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളിലും പീഡനങ്ങളിലും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേഗത്തിലെടുക്കാന്‍ പ്രത്യേക നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. കൊല്‍ക്കത്തയില്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മമത ബാനര്‍ജി പ്രധാനമന്ത്രിയ്ക്ക് കത്തയക്കുന്നത്.
രാജ്യത്ത് ഓരോ ദിവസവും 90 പീഡനങ്ങള്‍ നടക്കുന്നുണ്ടെന്നും സ്ഥിതി അശങ്കാജനകമാണെന്നുമാണ് കത്തില്‍ മമത ബാനര്‍ജി പറയുന്നത്. കേന്ദ്രം ഇക്കാര്യത്തില്‍ പൊതുവായ നടപടി സ്വീകരിക്കണം. ബലാത്സംഗ-കൊലപാതക കേസിലും തുടര്‍ന്ന് സംഭവം നടന്ന ആര്‍ജി കാര്‍ ആശുപത്രിയിലുണ്ടായ നശീകരണത്തിലും മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കടുത്ത വിമര്‍ശനം നേരിട്ടിരുന്നു.
കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത് സമൂഹത്തിന്റെയും രാജ്യത്തിന്റെയും ആത്മവിശ്വാസവും മനസാക്ഷിയും ഉലക്കുന്നതാണ്. സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാന്‍ നമുക്കെല്ലാവര്‍ക്കും ഉത്തരവാദിത്വം ഉണ്ട്. ഇത്തരം അതിക്രൂര കുറ്റങ്ങള്‍ നടത്തുന്ന കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്രം നിയമ നിര്‍മാണം നടത്തണമെന്ന് മമത കത്തില്‍ ആവശ്യപ്പെടുന്നു.
പീഡന കേസില്‍ ശിക്ഷ വിധിക്കുന്നതിനായി അതിവേഗ കോടതി സ്ഥാപിക്കണമെന്നും മമത കത്തില്‍ പറയുന്നു. പ്രത്യേക നിയമ നിര്‍മാണവും നടത്തണം. 15 ദിവസത്തിനകം ശിക്ഷ നടപ്പാക്കുന്ന അതിവേഗ സംവിധാനമായിരിക്കണം നടപ്പാക്കേണ്ടതെന്നും മമത ബാനര്‍ജി കത്തില്‍ വ്യക്തമാക്കി. അതേസമയം കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ കുറ്റവാളിയെ തന്റെ സര്‍ക്കാര്‍ വധശിക്ഷയ്ക്ക് വിധേയമാക്കുമെന്ന് മമത ബാനര്‍ജി പറഞ്ഞിരുന്നു.