
വാഹനം ഇടിച്ച് 9 വയസുകാരിയെ കോമാവസ്ഥയിലാക്കിയ കേസ്; ഒരു വർഷത്തിന് ശേഷം പ്രതി പിടിയിൽ
വടകരയില്‍ വാഹനമിടിച്ച് ഒമ്പത് വയസുകാരി കോമയിലായ സംഭവത്തില്‍ പ്രതി കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. പുറമേരി സ്വദേശി ഷെജിലാണ് പിടിയിലായത്. അപകടം നടന്ന ഒരു വര്‍ഷത്തിന് ശേഷമാണ് പ്രതിയെ പിടികൂടുന്നത്. ലുക്കൗട്ട് സര്‍ക്കുലര്‍ നിലവിലുള്ളതിനാല്‍ ഇയാളെ എയര്‍പോര്‍ട്ടില്‍ വെച്ച് പിടികൂടുകയായിരുന്നു. വടകരയില്‍ നിന്നുള്ള പൊലീസ് സംഘത്തിന് ഇയാളെ കൈമാറും.
ഫെബ്രുവരി 17 ന് ദേശീയ പാത വടകര ചോറോട് വെച്ചാണ് അപകവുമുണ്ടായത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ 9 വയസുകാരി ദൃഷാന കോമ അവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരു വര്‍ഷമായി ചികിത്സയിലാണ്. ദൃഷാനയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം അപകടം നടന്ന് ഒമ്പത് മാസത്തിന് മാസത്തിന് ശേഷമാണ് പൊലീസ് കണ്ടെത്തിയത്. KL 18 R 1846 എന്ന നമ്പറുള്ള കാറാണ് കുട്ടിയെ ഇടിച്ചത്. പുറമേരി സ്വദേശിയായ ഷെജില്‍ എന്ന ആള്‍ ഓടിച്ച കാറാണ് ദൃഷാനയെ ഇടിച്ചതെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു.
അപകടത്തിന് ശേഷം പ്രതി വാഹനം നിര്‍ത്താതെ രക്ഷപ്പെടുകയായിരുന്നു. അപകടത്തിനു ശേഷം വാഹനത്തില്‍ രൂപമാറ്റം വരുത്തിയ പ്രതി മാര്‍ച്ച് 14 ന് വിദേശത്തേക്ക് കടന്നു. ഇയാള്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയാണു ചുമത്തിയത്. അപകട ശേഷം ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. കാര്‍ മതിലില്‍ ഇടിച്ചെന്ന് വരുത്തിയാണ് പ്രതി ഇന്‍ഷുറന്‍സ് ക്ലെയിമിന് ശ്രമിച്ചത്.
ഇടിച്ച കാറിനെ കണ്ടെത്താന്‍ നൂറുകണക്കിനു സിസിടിവി ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണസംഘം ശേഖരിച്ചത്. പഴയ ദൃശ്യങ്ങള്‍ വീണ്ടും പരിശോധിച്ചു. അന്വേഷണത്തിന്റെ ഭാഗമായി 50,000 ഫോണ്‍കോളുകളും 19,000 വാഹനങ്ങളും പൊലീസ് പരിശോധിച്ചു. ഒട്ടേറെ പേരുടെ മൊഴികള്‍ എടുക്കുകയും വര്‍ക്ഷോപ്പുകളില്‍ നിന്ന് വിവരങ്ങള്‍ തേടുകയും ചെയ്തിരുന്നു. അതേസമയം ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പൊരുതുകയാണ് ദൃഷാന.