ഗാസയില്‍ 180 മൃതദേഹങ്ങള്‍ ഒരുമിച്ച് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

ഗാസയില്‍ 180 മൃതദേഹങ്ങള്‍ ഒരുമിച്ച് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

റഫ: ഗാസയിലെ ഖാന്‍യൂനിസില്‍ കുട്ടികളെയും സ്ത്രീകളെയും കൂട്ടമായി കുഴിച്ചിട്ടത് കണ്ടെത്തി. ഖാന്‍ യൂനിസിലെ നാസര്‍ മെഡിക്കില്‍ കോംപ്ലക്സിലാണ് 180 മൃതദേഹങ്ങള്‍ ഒരുമിച്ച് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ ഏഴിന് ഇസ്രയേല്‍ സൈന്യം ഇവിടെ നിന്ന് പിന്‍മാറിയതിന് പിന്നാലെയാണ് കഴിഞ്ഞ ശനിയാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പാലസ്തീന്‍ സിവില്‍ ഡിഫന്‍സ് അംഗങ്ങളും പാരാമെഡിക്കല്‍ ജീവനക്കാരും നടത്തിയ പരിശോധനയിലാണ് ഇസ്രയേല്‍ സൈന്യം കുഴിച്ച് മൂടിയതായി ആരോപിക്കപ്പെടുന്ന മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഖാന്‍ യൂനിസ് നഗരത്തില്‍ ആറ് മാസത്തോളം ഇസ്രയേല്‍ നിരന്തര ആക്രമണം നടത്തിയിരുന്നു. ഇവിടെ നിന്നും 500ഓളം ആളുകളെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫെബ്രുവരി മാസത്തില്‍ ഇസ്രയേല്‍ സൈന്യം നാസര്‍ മെഡിക്കല്‍ കോളേജില്‍ ആക്രമണം നടത്തിയിരുന്നു. നിരവധി ഡോക്ടര്‍മാരെ ഇസ്രയേല്‍ അറസ്റ്റ് ചെയ്തിരുന്നു. ഇസ്രയേലിന്റെ ഷെല്ലാക്രമണത്തില്‍ പ്രവര്‍ത്തനം തുടരാനാവാത്ത വിധം കെട്ടിടത്തിന് നാശനഷ്ടം സംഭവിച്ചിരുന്നു.

പ്രായമായ സ്ത്രീകളുടെയും കുട്ടികളുടെയും യുവാക്കളുടെയും മൃതദേഹങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ വരും ദിവസവും തുടരുമെന്ന് പാലസ്തീന്‍ എമര്‍ജന്‍സി സര്‍വീസ് പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. നേരത്തെ അല്‍ഷിഫ ആശുപത്രിയുടെ സമീപത്ത് നിന്നും കൂട്ടമായി കുഴിച്ചിട്ട മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. അടുത്തിടെ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളാണ് കൂട്ടിയിട്ടതെന്ന് നിഗമനങ്ങളുണ്ടായിരുന്നു. കൊല്ലപ്പെട്ടവരിലും കുഴിച്ചു മൂടിയവരിലും ചിലര്‍ ആശുപത്രിയിലെ രോഗികളായിരുന്നു. മൃതദേഹങ്ങളില്‍ ബാന്‍ഡേജുകളടക്കമുണ്ടായിരുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ ബന്ധുക്കള്‍ അവര്‍ രോഗികളാണെന്ന് സ്ഥിരീകരിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )