അര്‍ജുനെ കാണാതായിട്ട് 100 മണിക്കൂറുകള്‍ പിന്നിടുന്നു; ജീവനോടെ തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പി രാജീവ്
ബംഗളൂരു: അര്‍ജുനെ ജീവനോടെ തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പി രാജീവ്. ഇരു സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതെന്ന് മന്ത്രി പ്രതികരിച്ചു. മണ്ണ് മാറ്റിയുള്ള പരിശോധനയ്ക്ക് കേരളത്തില്‍ നിന്നുള്ള പ്രത്യേക സംഘം ഷിരൂരിലേക്ക് എത്തും. തിരുവനന്തപുരത്ത് നിന്നുള്ള സംഘമാണ് എത്തുന്നത്. ഇത്തരം ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തി മുന്‍പരിചയമുള്ള സംഘമാണ് സ്ഥലത്തെത്തുന്നത്.
മന്ത്രി ഗണേഷ് കുമാറിന്റെ ഇടപെടലിലാണ് പ്രത്യേക സംഘം എത്തുന്നതെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് കേരളത്തില്‍ നിന്നുള്ള സംഘമെത്തുന്നത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് അര്‍ജുനെ കാണാതായിട്ട് 100 മണിക്കൂറുകള്‍ പിന്നിടുന്നു. ഇപ്പോഴും കാര്യക്ഷമമല്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നതെന്നാണ് ബന്ധുക്കള്‍ ഉള്‍പ്പടെ വിമര്‍ശനം ഉന്നയിക്കുന്നത്.