സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനയുമായി ബന്ധപെട്ട വിഷയത്തിൽ തുടർനടപടികൾ മുഖ്യമന്ത്രി ഇന്ന് പ്രതിപക്ഷ നേതാക്കളുമായി ചർച്ച ചെയ്യും
സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനയുമായി ബന്ധപ്പെട്ട വിഷയത്തിൽ തുടർനടപടികൾ മുഖ്യമന്ത്രി ഇന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുമായി ചർച്ചനടത്തും .രാവിലെ പത്ത് മണിക്ക് ഓൺലൈനായാണ് യോഗം തീരുമാനിച്ചിട്ടുള്ളത്.സംസ്ഥാനത്തിന്റെ അവസാനപാദ കടമെടുപ്പ് പരിധി ദിവസങ്ങൾക്ക് മുമ്പ് കേന്ദ്രം വെട്ടിക്കുറച്ചിരുന്നു.
5600 കോടി രൂപയാണ് ഈയിനത്തിൽ വെട്ടിക്കുറച്ചത്. ഈ വർഷം കേരളത്തിന്റെ ആകെ കടമെടുപ്പ് അനുവാദം 45,689.61 കോടി രൂപയായിരുന്നു. ഇതിൽ 32,442 കോടി പൊതുവിപണിയിൽ നിന്ന് കടമെടുക്കാമെന്ന് സാമ്പത്തിക വർഷത്തിന്റെ ആദ്യം മോദി സർക്കാർ സമ്മതിച്ചിരുന്നു. 14,400 കോടിയുടെ കടം നബാർഡ്, ദേശീയ സമ്പാദ്യ പദ്ധതി ഉൾപ്പെടെയുള്ള സ്രോതസ്സുകളിൽ നിന്നാണ്.അതേസമയം ഡിസംബർ വരെ പൊതുവിപണിയിൽ നിന്ന് 23,852 കോടി രൂപയുടെ കടമെടുപ്പിനും അനുമതി ലഭിച്ചിരുന്നു. ഇതനുസരിച്ച് ബാക്കി 7437.61 കോടി രൂപയുടെ കടമെടുപ്പിനാണ് സംസ്ഥാനം അനുമതിയാണ് തേടിയത്. എന്നാൽ അനുവദിച്ചതാകട്ടെ 1838 കോടി രൂപ മാത്രവും. നിലവിലെ സ്ഥിതിയിൽ സംസ്ഥാനത്തിന്റെ അവസാനപാദ പ്രവർത്തനങ്ങളെല്ലാം അവതാളത്തിലാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.