താരകേ മിഴിയിതളിൽ കണ്ണീരുമായി ……. അനശ്വര സംഗീതത്തിന്റെശില്പി രവീന്ദ്രൻ മാഷ്

മലയാളത്തിലെ പ്രശസ്തനായ സംഗീത സംവിധായകൻ കുളത്തുപ്പുഴ രവി എന്ന രവീന്ദ്രന്മാഷ്.1943നവംബർ 9 കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ എന്ന ഗ്രാമത്തിൽ വേലായുധൻ മാധവന്റേയും പാർവ്വതി ലക്ഷ്മിയുടേയും ഒമ്പതുമക്കളിൽ ഏഴാമനായാണ് രവീന്ദ്രൻ മാഷിന്റെ ജനനം ചെറുപ്പത്തിൽത്തന്നെ രവിക്ക് സംഗീതത്തോട് വളരെ താല്പര്യം ഉണ്ടായിരുന്നു . കുളത്തൂപ്പുഴ ഗവണ്മെന്റ് സ്കൂൾ, എരൂർ ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം . യുവജനോത്സവങ്ങളിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്. വീട്ടിലെ കഷ്ടപ്പാട് മൂലം ഹൈസ്കൂൾ പഠനത്തിനു ശേഷം മകനെ പട്ടാളത്തിലയക്കാനായിരുന്നു അദ്ദേഹത്തിന്റെ പിതാവിന്റെ തീരുമാനം. എന്നാൽ തന്റെ സംഗീതത്തോടുള്ള പ്രണയം രവി വീട്ടുകാരെ അറിയിച്ചു. സംഗീതം പഠിക്കാൻ വിട്ടില്ലെങ്കിൽ വീടുവിട്ടുപോകുമെന്നുവരെ അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു .അങ്ങനെ ഒടുവിൽ 1960ൽ അദ്ദേഹം തിരുവനന്തപുരം സംഗീതക്കോളേജിൽ ചേർന്നു. സംഗീതത്തിന്റെ ബാലപാഠങ്ങൾ മാത്രം അഭ്യസിച്ചിരുന്ന രവിയെ ഇന്റർവ്യൂ ചെയ്തതാവട്ടെ സാക്ഷാൽ ശെമ്മാങ്കുടി ശ്രീനിവാസയ്യർ ആയിരുന്നു. സംഗീതക്കോളേജിലെ ജീവിതമായിരുന്നു രവീന്ദ്രൻ മാഷെന്ന സംഗീതജ്ഞനെ രുപപ്പെടുത്തിയെടുത്തത്. ഇവിടെ വെച്ചുതന്നെയായിരുന്നു യേശുദാസുമായി അദ്ദേഹം പരിചയപ്പെടുന്നത്. ശ്രീ നെയ്യാറ്റിൻകര വാസുദേവൻ രവിയ്ക്കു സംഗീതത്തിൽ റ്റ്യൂഷൻ നൽകിയിരുന്നു.കൂടാതെ അടുത്തുള്ള അമ്പലങ്ങളിൽ വില്ലടിച്ചാൻ പാട്ടിനും മറ്റും പോയായിരുന്നു ചെറിയ വരുമാനം കണ്ടെത്തിയിരുന്നത്. 1968ൽ തിരുവന്തപുരത്തുവെച്ചു നടത്തിയ കലാപരിപാടിയിൽനിന്നും കിട്ടിയ പണവുമായി രവീന്ദ്രൻമാഷ് വണ്ടികയറിയത് ചെന്നൈയിലേക്കായിരുന്നു അദേഹത്തിന്റെ ചെന്നൈയിലെ ആദ്യ കാല ജീവിതം തികച്ചും കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു എന്ന് രവീന്ദ്രൻ മാഷ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചയോളം പൈപ്പു വെള്ളം മാത്രം കുടിച്ച് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞിരുന്നു . സംഗീത സംവിധായകനായിരുന്ന ബാബുരാജാണ് ആദ്യമായി സിനിമയിൽ പാടുവാൻ രവിക്ക് അവസരം നൽകിയത്. നായക നടനായിരുന്ന സത്യൻ വഴിയാണ് രവീന്ദ്രൻമാഷ് ബാബുരാജുമായി പരിചത്തിലാകുന്നത് “വെള്ളിയാഴ്ച” എന്ന ചിത്രത്തിനു വേണ്ടി ആദ്യമായി പിന്നണി ഗായകനായി. പിന്നീട് മുപ്പതോളം സിനിമകളിൽ രവി പാടി. എന്നാൽ അവയിൽ ചുരുക്കം ചില ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ഗായകനെന്ന നിലയിൽ അവസരം കുറഞ്ഞതോടെ പിന്നീട് ഡബ്ബിംഗ് ആർട്ടിസ്റ്റായും രവീന്ദ്രന്മാഷ് പ്രവർത്തിച്ചു തുടർന്ന് 1970കളിൽ പ്രശസ്തനായ രവികുമാറിനു വേണ്ടി മിക്ക ചിത്രങ്ങളിലും ശബ്ദം നൽകിയത് രവീന്ദ്രൻമാഷായിരുന്നു ഗായകനെന്ന നിലയിൽ നിന്ന് രവീന്ദ്രമാഷിനെ സംഗീത സംവിധാന രംഗത്തേക്കു വഴി തിരിച്ചു വിട്ടത് യേശുദാസാണ്. ശശികുമാറിന്റെ സംവിധാനത്തിൽ “ചൂള” എന്ന ചിത്രത്തിനുവേണ്ടി സംഗീതം ചെയ്യാൻ കുളത്തൂപ്പുഴ രവിയെ ശുപാർശ ചെയ്യുന്നത് കെ ജെ യേശുദാസാണ്. പാട്ടുകൾ നിങ്ങൾക്കിഷ്ടപ്പെട്ടില്ലെങ്കിൽ സ്വന്തംചെലവിൽ വേറെപാട്ടുകൾ ചെയ്തുതരാം എന്ന ഉറപ്പോടുകൂടിയായിരുന്നു അത്. അങ്ങനെയാണ് ,1979-ൽ “ചൂള” എന്ന ചിത്രത്തിലൂടെ സത്യൻ അന്തിക്കാടിന്റേയും പൂവച്ചൽ ഖാദറിന്റേയും വരികളെ സ്വരപ്പെടുത്തിക്കൊണ്ട് രവീന്ദ്രമാഷ് ചലച്ചിത്ര സംഗീതസംവിധായകനായി മാറുന്നത് ‘താരകേ മിഴിയിതളിൽ കണ്ണീരുമായി. ” എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹം ചിട്ടപ്പെടുത്തിയ ആദ്യ സിനിമാ ഗാനം.മലയാളത്തിന് പുറമെ , തമിഴ്, കന്നഡ ഭാഷകളിലായി ലളിതഗാനങ്ങൾ, ഭക്തിഗാനങ്ങൾ, ഉത്സവഗാനങ്ങൾ തുടങ്ങി ഇരുനൂറിലേറെ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി.അതുവരെ കുളത്തൂപ്പുഴ രവി എന്നറിയപ്പെട്ടിരുന്ന രവീന്ദ്രൻമാഷിനോട് രവീന്ദ്രൻ എന്ന പേരുമതിയെന്നു നിർദ്ദേശിച്ചതും യേശുദാസായിരുന്നു. ലോഹിതദാസിന്റെ രചനയിൽ സിബി മലയിൽ സംവിധാനംചെയ്ത് 1991 ഇൽ പുറത്തിറങ്ങിയ “ഭരതം” എന്ന ചിത്രത്തിലെ രവീന്ദ്രൻ മാസ്റ്റർ സംഗീതസംവിധാനം നിർവഹിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ ശ്രദ്ദേയമാണ് ഈ ചിത്രത്തിലെ സംഗീത സംവിധാനത്തിന് 1991-ലെ സംസ്ഥാന പുരസ്കാരംഅദ്ദേഹത്തെത്തേടിയെത്തിയിരുന്നു .ആ വർഷത്തെ ദേശീയ ചലച്ചിത്ര അവാർഡിൽ ഇതേ ചിത്രത്തിലെ സംഗീത സംവിധാനത്തിനു വിധികർത്താക്കളുടെ പ്രത്യേക പ്രശംസയും രവീന്ദ്രൻ മാഷിന് ലഭിക്കുകയുണ്ടായി രഞ്ജിത്തിന്റെ സംവിധാനത്തിൽ 2002-ൽ പുറത്തിറങ്ങിയ നന്ദനത്തിലെ ഗാനങ്ങളിലൂടെ വീണ്ടും സംസ്ഥാന പുരസ്കാരം രവിയെത്തേടിയെത്തിയിരുന്നു.യേശുദാസുമായുള്ള സഹോദര തുല്യമായ ആത്മബന്ധം ഇരുവരും ഒന്നിച്ച ഗാനങ്ങളിലും കാണാൻ സാധിക്കും മാഷിന്റെ സംഗീതവും ഗാനഗന്ധർവന്റെ സ്വരമാധുരിയും കൂടിച്ചേർന്നപ്പോൾ ഹിറ്റുകളുടെ പെരുമഴക്കാലമായിരുന്നു മലയാളി പ്രേക്ഷകർക്ക് ഇരുവരും സമ്മാനിച്ചത് യേശുദാസിനു ദേശീയ പുരസ്കാരം നേടി കൊടുത്ത ഭരതത്തിലെ രാമകഥ ഗാനലയം എന്ന ഗാനത്തിനു സംഗീതം പകർന്നത് രവീന്ദ്രൻമാഷാണ്‌ . എം.ജി.ശ്രീകുമാറിന് ആദ്യത്തെ ദേശീയ പുരസ്കാരം നേടി കൊടുത്തത് 1990-ൽ പുറത്തിറങ്ങിയ ഹിസ് ഹായ് അബ്ദുള്ള എന്ന ചിത്രത്തിലെ നാദരൂപിണി ശങ്കരീ പാഹിമാം എന്ന രവീന്ദ്രൻ മാഷിന്റെ ഗാനത്തിലൂടെയാണ് . ഗായികമാരിൽ ചിത്രയായിരുന്നു മാസ്റ്ററുടെ ഗാനങ്ങൾ കൂടുതൽ ആലപിച്ചത്. മലയാളത്തിലെ ഒരുവിധം എല്ലാ ഗായകർക്കും അദ്ദേഹം പാടാൻ അവസരം നൽകിയിട്ടുണ്ട്. ഹൈ-പിച്ചും ലോ-പിച്ചും പരമാവധി ഉപയോഗിച്ച് നിർവചനങ്ങൾക്കപ്പുറത്തേക്കായിരുന്നു സ്വന്തം സംഗീതത്തെ ആ പ്രതിഭാശാലി കൊണ്ടെത്തിച്ചത് . യേശുദാസ് എന്ന ഗായകന്റെ ആലാപനശേഷിയെ എത്രമാത്രം പ്രയോജനപ്പെടുത്താം എന്നു തിരിച്ചറിഞ്ഞ് അദ്ദേഹമൊരുക്കിയ പലഗാനങ്ങളും അനശ്വരങ്ങളായി മാറി.2005 മാർച്ച് 3 നാണു സംഗീതം കൊണ്ട് മലയാളി കളുടെ മനം നിറച്ച ആ മഹാ പ്രതിഭ വിടപറയുന്നത് അർബുദം ബാധിച്ച ചികിത്സയിലിരിക്കെ പെട്ടെന്നുണ്ടായ ഹൃദയാഘാത മായിരുന്നു അദ്ദേഹത്തിന്റെ മരണകാരണം രവീന്ദ്രൻ മാഷിന്റെ അവസാന ചിത്രങ്ങളായ വടക്കുന്നാഥൻ, കളഭം എന്നിവ അദ്ദേഹത്തിന്റെ മരണാനന്തരമാണ് പുറത്തിറങ്ങിയത്, മലയാള സിനിമ കണ്ട എക്കാലത്തെയും അതുല്യ പ്രതിഭയായ രവീന്ദ്രന്മാഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗാനങ്ങൾ ഇന്നും പ്രേക്ഷകർ ഏറ്റുപാടുന്നു ആ അനശ്വര ഗാനങ്ങളുടെ ശില്പിയായ മാഷിന് പകരമാവാൻ മറ്റൊരാൾക്കും കഴിയില്ല അത്രമാത്രം മനസ്സിനും കാതിനും ഒരുപോലെ കുളിർമയേകിയ ഗാനങ്ങളായിരുന്നു അദ്ദേഹം ചിട്ടപ്പെടുത്തിയവയെല്ലാം .

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )